Wednesday, May 27, 2009

ശേഷം..


ജീ‍വിതത്തിന്റെ വെല്ലുവിളികളോട് സന്ധിചെയ്ത് അന്യനാടുകളില്‍ വന്നുപെടുന്നവര്‍ക്ക് നഷ്ടമാവുന്ന തന്നിഷ്ടങ്ങളും തന്റേടങ്ങളും സ്വപ്നങ്ങളിലേയ്ക്ക് മാറ്റിവയ്ക്കപ്പെടുന്നു. ജീവിത സൌകര്യങ്ങളെ സ്വന്തമാക്കുക എന്ന സ്വപ്നസാധകത്തിനിപ്പുറം മറ്റെല്ലാം പരിതസ്ഥിതികളോട് കീഴടങ്ങുന്നു. എങ്കില്‍ പോലും, പ്രവാസത്തിന്റെ പരിമിതികളില്‍ മാഞ്ഞുപോകുന്ന ഒരു സ്വപ്നമാവരുത് ഒരാളുടെ സര്‍ഗ്ഗാത്മകത. വ്യക്തിയില്‍ നിന്നു സമൂ‍ഹത്തിലേയ്ക്ക് പ്രസരിക്കുന്ന അത്തരം ഊര്‍ജ്ജങ്ങളാണ് സംസ്കാരത്തെ നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും. മുഖ്യധാരാ സാംസ്കാരിക പ്രവര്‍ത്തനം അരാഷ്ട്രീ‍യ സാഹചര്യങ്ങളില്‍ , വ്യക്ത്യധിഷ്ഠിതമാകുന്നതും പൊള്ളയായ കെട്ടുകാഴ്ചകളിലേയ്ക്ക് ‘ജനകീ‍യമാക്കുന്നതും’ പ്രവാസിയെ അന്യരില്‍ അന്യനാക്കും. ജീവിക്കുന്ന സമൂഹത്തോട് ചേര്‍ന്നു നിന്നുകൊണ്ടുള്ള , അതിന്റെ തന്നെ ഭാഗമായുള്ള സാമൂഹിക അവബോധമുണ്ടാവുന്നതിനായി, ക്രിയാത്മകവും പ്രതിബദ്ധതയുള്ളതുമായ ആധുനിക സംവിധാനങ്ങളില്‍ സാധ്യതകള്‍ പങ്കുവയ്ക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും വേണം. അത്തരം ചിന്തകളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും ചെറിയ കൂ‍ട്ടങ്ങളും കൂ‍ട്ടായ പ്രവര്‍ത്തനങ്ങളും ഫലസിദ്ധി കാണുമെന്നു മസ്കറ്റിലെ “മൂവി മസ്കറ്റ് “ എന്ന ആശയത്തിന്റെ ചെറിയ തുടക്കം സാക്ഷ്യപ്പെടുത്തുന്നു.

വാക്കുകള്‍ പലപ്പോഴും അപര്യാപ്തമാകുമ്പോള്‍ സ്വപ്നങ്ങള്‍ അതിന്റെ ദൃശ്യഭാഷ ആവശ്യപ്പെടുന്നു, വര്‍ത്തമാനകാലത്തിന്റെ അതിവേഗതയ്ക്ക് യോജിക്കുന്ന എലെക്ട്രോണിക് മാധ്യമങ്ങള്‍ അതീവപ്രസക്തമാകുന്നത് ഈ വൈവിധ്യ തലങ്ങളില്‍ കലയേയും സാങ്കേതികതയെയും ഒരുമിപ്പിക്കുന്നതിലാണ്. ദൃശ്യമാധ്യമങ്ങളുടെ അനന്ത സാധ്യതയാ‍യ സിനെമ, സാങ്കേതിക തലത്തിലുള്ള പരിജ്ഞാനം വേണ്ട മേഖലയായതുകൊണ്ട് അതിനായുള്ള നിരന്തര പ്രവര്‍ത്തനങ്ങള്‍ തന്നെ സംഘടിക്കപ്പെടേണ്ടതുണ്ട് . സിനെമ ആസ്വാദനം പോലും കലയായി വിവക്ഷിക്കേണ്ട വിഷയമെന്നു തിരിച്ചറിയപ്പെടുമ്പോഴേ നല്ല സിനെമയും സിനെമ സംസ്കാരവും സംഭവ്യമാവുകയുള്ളു.. മറ്റു വിദേശ രാജ്യങ്ങളിലെപ്പോലെ ഫിലിം സ്കൂളുകളോ സ്ഥാനങ്ങളോ നിലവിലില്ലാത്ത ഒമാനില്‍ തുടക്കമെന്ന നിലയില്‍ പഠനശിബിരങ്ങള്‍ വഴി ഹരിശ്രീ കുറിയ്ക്കാന്‍ കഴിയും എന്നതില്‍ നിന്നാണ് “ബ്ലേക് & വൈറ്റ് “ എന്ന ശില്പശാലയ്ക്ക് വേദിയിരുങ്ങുന്നത്.

മസ്കറ്റിലെ കുറച്ച് സിനിമസ്നേഹികള്‍(മൂവി മസ്കറ്റ്) ചേര്‍ന്ന് സിനിമയുടെ സാങ്കേതിക വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചൊരു പഠനശിബിരം , “‘ബ്ലേക് ഏന്‍ഡ് വൈറ്റ്” എന്ന പേരില്‍ സംഘടിപ്പിച്ചു. സിനിമയുടെ ടെക്നിക്കല്‍ വിഷയങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് നടന്ന പ്രഥമ സംരംഭമായ “ബ്ലേക് ഏന്‍ഡ് വൈറ്റ്” തദ്ദേശീയരുടെയും പ്രവാസികളുടെയും സിനിമയുമായി ബന്ധപ്പെട്ട താല്പര്യങ്ങള്‍ക്ക് ഒരു സാങ്കേതിക പരിജ്ഞാനം പകരുവാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. FTII, പൂനെയില്‍ നിന്നും ബിരുദധാരികളും ഇന്ത്യന്‍ സിനിമയില്‍ വ്യക്തിമുദ്രപതിപ്പിച്ചവരുമായ ഫൌസിയ ഫാത്തിമ, അജിത് കുമാര്‍, മൊഹമ്മെദ് റാസി എന്നിവര്‍ സിനിമാ ഛായാഗ്രഹണം, ചിത്രസംയോജനം, കലാസംവിധാനം എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ഒമാന്‍ ഫിലിം സൊസൈറ്റി ഡയറക്റ്റെര്‍ ഡോ. ഖാലിദ് റഹീം അല്‍ സജാലി ഉത്ഘാ‍ടനം നിര്‍വഹിച്ച ശിബിരം‍ തദ്ദേശിയരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമാവുകയും ചെയ്തു. തദ്ദേശിയരും പ്രവാസികളുമായ വനിതാ പ്രാതിനിധ്യവും അപ്രതീക്ഷിതമായ തലങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നതായി.

മസ്കറ്റില്‍ , ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ ആദ്യസംരംഭമായിട്ടുകൂടി , സംഘാടനത്തിന്റെ സഹകരണം മലയാളി സംഘങ്ങളില്‍ നിന്നുണ്ടായില്ല എന്നത് , ഇടതും വലതും പക്ഷങ്ങളിലെ വടംവലികളിലും അപചയപ്പെട്ട അസംസ്കൃതികളില്‍ ശവം തീ‍നികളെപ്പോലെ മയങ്ങുന്നതിലുമാണ് പ്രസ്തുത സംഘങ്ങളുടെ ശ്രദ്ധയെന്നു തോന്നിപ്പിച്ചു. പുരോഗനാത്മകമോ സാമൂ‍ഹികപ്രസക്തമോ ആയ സംരംഭങ്ങളോട് നിരുത്തരവാദപരമായ ധാര്‍ഷ്ട്യം കാണിക്കാന്‍ , മറുനാട്ടില്‍ ആയാലും മലയാളി മുന്നിലുണ്ട്. ആര്‍ഭാടങ്ങളും ധൂ‍ര്‍‍ത്തും സ്വാര്‍ത്ഥതയും മുഖമുദ്രയാക്കിയ പല മലയാളി സംഘടനകളും സാംസ്കാരിക മാഫിയകള്‍ മാത്രമായി അധ:പതിക്കാതിരിക്കാന്‍, അര്‍ത്ഥം അറിയേണ്ട ഒരു വാക്കുണ്ട്, സാമൂ‍ഹിക പ്രതിബദ്ധത.

നിലവിലുള്ള പ്രമുഖ ഇന്ത്യന്‍/കേരള സംഘടനകള്‍ ‘നിക്ഷിപ്ത’ താല്പര്യങ്ങള്‍ക്ക് വിധേയമായി ഔപചാരികമായി നിന്നപ്പോള്‍, ഒമാന്‍ ഫിലിം സൊസൈറ്റി ഭാവിപ്രവര്‍ത്തനങ്ങളുടെ ഒരു സംയുക്ത വേദിയായി ഈ ശിബിരത്തെ കണ്ടെത്തുകയും മുന്നോട്ട് കൊണ്ടുപൊവുകയും ചെയ്തു. തുടര്‍ന്ന് ഡോ. ഖാലിദ് സജാലിയുമായി നടന്ന ചര്‍ച്ചകള്‍, ഒമാന്‍ ഫിലിം സൊസൈറ്റിയുടെ സഹകരണത്തില്‍ , അന്താരാഷ്ട്ര പ്രാതിനിധ്യമുള്ള ഒരു കമ്മിറ്റി രൂപം കൊള്ളുകയും ചെയ്തു. ഔദ്യോകിക കാര്യങ്ങള്‍ ആസൂത്രണവും ചര്‍ച്ചകളുമായി “ഐഎഫ് എഫ് ഒ(IFFO, International Film Fraternity of Oman)“ , സജീവമാവുകയാണ്.

6 comments:

  1. നല്ല വരികളും, വിവരണവും സുധ.....ആശംസകള്‍

    ReplyDelete
  2. Nice post and blog....keep on updating us..

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Thanks for post: I could read its announcing the IFFO!at the end.

    Good wishes to the entire team behind this and most importantly to the mastermind Sudha!

    ReplyDelete
  5. Hi Sapna thanks for visiting my blog and giving a nice comment.you to have a wonderful blog with nice articles and poems.

    ReplyDelete
  6. ആര്‍ഭാടങ്ങളും ധൂ‍ര്‍‍ത്തും സ്വാര്‍ത്ഥതയും മുഖമുദ്രയാക്കിയ പല മലയാളി സംഘടനകളും സാംസ്കാരിക മാഫിയകള്‍ മാത്രമായി അധ:പതിക്കാതിരിക്കാന്‍, അര്‍ത്ഥം അറിയേണ്ട ഒരു വാക്കുണ്ട്, സാമൂ‍ഹിക പ്രതിബദ്ധത.
    ഈ വരികള്‍ക്ക് നാഗമാണിക്യത്തിന്റെ തിളക്കവും പ്രകാശവും .തികഞ്ഞ സാമൂഹിക സത്വബോധമുള്ളവര്‍ക്കല്ലാതെ ഇങ്ങിനെ ചിന്തിക്കാന്‍ കഴിയില്ല. അഭിനന്ദനങ്ങള്‍.

    ReplyDelete